ബനാറസ്: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാംപസിലെ ഐ.ഐ.ടി. വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ മൂന്നുപ്രതികൾ അറസ്റ്റിൽ. വാരാണസി സ്വദേശികളായ കുനാൽ പാണ്ഡെ, ആനന്ദ് എന്ന അഭിഷേക് ചൗഹാൻ, സക്ഷാം പട്ടേൽ എന്നിവരെയാണ് വാരാണസി ലങ്ക പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും കേസുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ ഉടൻപുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

നവംബർ ഒന്നാംതീയതി രാത്രിയാണ് സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിനിരയായത്. രാത്രി ഹോസ്റ്റലിൽനിന്ന് സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗസംഘം ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയെ വായപൊത്തി വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികൾ, വസ്ത്രങ്ങൾ വലിച്ചുകീറുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുംചെയ്തു.

ഫോൺനമ്പർ നിർബന്ധിച്ച് വാങ്ങി, ഏകദേശം 15 മിനിറ്റിന് ശേഷമാണ് പ്രതികൾ വിദ്യാർത്ഥിനിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കൂട്ടബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. അതിക്രമത്തിന് പിന്നാലെ കാംപസിൽ വലിയരീതിയിലുള്ള പ്രതിഷേധങ്ങളും അരങ്ങേറി. കാംപസിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.