ബെംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ എതിർത്തതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി. ബെംഗളൂരു സുധാമ്മനഗർ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർത്ഥിനിയുമായ വർഷിണി(21)യെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിക്കാതിരുന്നതാണ് വർഷിണിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വർഷിണി ഫോട്ടോഗ്രാഫി കോഴ്സ് പൂർത്തിയാക്കിയിരുന്നു.

ശനിയാഴ്ച നഗരത്തിലെ മാളിൽ ഫോട്ടോഷൂട്ടിന് പോകാനായി പെൺകുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചു. എന്നാൽ, മാതാപിതാക്കൾ ഫോട്ടാഷൂട്ടിന് പോകാൻ അനുവദിച്ചില്ല. തുടർന്ന് ശനിയാഴ്ച രാത്രിയാണ് വർഷിണി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ബെംഗളൂരു സെൻട്രൽ ഡി.സി.പി. എച്ച്.ടി.ശേഖർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.