- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി യുവതി
മധ്യപ്രദേശ്: ഉജ്ജയിനിൽ ഭൂമിയുമായി ബന്ധപ്പെട്ട കുടുംബ തർക്കത്തിന്റെ പേരിൽ ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി യുവതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗർ താലൂക്കിലെ ഇൻഗോറിയയിൽ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ആശാ വർക്കറായ സവിത കുമാരിയാണ് ഭർത്താവ് രാധേശ്യാം, ഭർതൃസഹോദരൻ ധീരജ് എന്നിവരെ കൊലപ്പെടുത്തിയത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ആക്രമിക്കാൻ യുവതി ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൊലപാതകത്തിന് ശേഷം യുവതി തോക്കുമായി ഇൻഗോറിയ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
രാധേശ്യാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ധീരജിനെ കുടുംബാംഗങ്ങൾ ഉജ്ജയിൻ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് നിതേഷ് ഭാർഗവ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, ഭൂമിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ കുടുംബ തർക്കം നിലനിന്നിരുന്നതായും യുവതിയും ഭൂമിയിൽ ഓഹരി ആവശ്യപ്പെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് മൂന്ന് വർഷമായി കുടുംബ പ്രശ്നങ്ങളുള്ളതായും മൂന്നുനാല് മാസം മുമ്പും വഴക്കുണ്ടായതായും പ്രദേശവാസികൾ പറയുന്നു. സംഭവത്തിന് ശേഷം തോക്കുമായി ഗ്രാമത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.