ഹൈദരബാദ്: മട്ടൺ ബിരിയാണിക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചൂട് ബിരിയാണി ലഭിച്ചെന്ന് ആരോപിച്ച് യുവാവ് ഹോട്ടലിലെ വെയിറ്ററെ ആക്രമിക്കുകയായിരുന്നു. മറ്റ് ഹോട്ടൽ ജീവനക്കാരും ഏറ്റുപിടിച്ചതോടെ കൂട്ടത്തല്ലായി മാറി. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ഗ്രാൻഡ് ഹോട്ടലിലാണ് സംഭവം. യുവാവ് വെയിറ്ററെ ആക്രമിച്ചതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ രംഗത്തെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്.

അഞ്ചംഗകുടുംബത്തെ ഹോട്ടൽ ജീവനക്കാർ കൂട്ടംചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതുവർഷത്തലേന്നാണ് ഹോട്ടലിൽ തർക്കവും സംഘർഷവുമുണ്ടായത്. അത്താഴം കഴിക്കാനായി ഗ്രാൻഡ് ഹോട്ടലിലെത്തിയ കുടുംബം റൊട്ടിയും കറികളുമാണ് ആദ്യം ഓർഡർ ചെയ്തത്. പിന്നാലെ ബിരിയാണിയും ഓർഡർ ചെയ്തു. എന്നാൽ, കൊണ്ടുവന്ന ബിരിയാണിക്ക് ഗുണനിലവാരമില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

ഇതോടെ ആദ്യം കൊണ്ടുവന്ന ബിരിയാണി വെയിറ്റർ തിരികെകൊണ്ടുപോവുകയും ഇതേ ബിരിയാണി തന്നെ വീണ്ടും നൽകുകയായിരുന്നു. തുടർന്ന് ബിൽ അടയ്ക്കുന്ന സമയത്ത് ബിരിയാണിയുടെ തുക നൽകാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ബിൽതുകയിൽനിന്ന് ബിരിയാണിയുടെ വില കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ ഹോട്ടൽ ജീവനക്കാരനും ഉപഭോക്തക്കളും തമ്മിൽ തർക്കമായി. ഇതിനിടെ, ഉപഭോക്താക്കളിൽ ഒരാൾ വെയിറ്ററുടെ മുഖത്തടിച്ചു. പിന്നാലെ ഹോട്ടൽ ജീവനക്കാരെല്ലാം സംഘടിച്ചെത്തുകയും പരാതി ഉന്നയിച്ച കുടുംബത്തെ മർദിക്കുകയുമായിരുന്നു.

കസേരകൾ കൊണ്ടും തറതുടയ്ക്കുന്ന വൈപ്പറുകൾ ഉപയോഗിച്ചും ജീവനക്കാർ ഇവരെ ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. അടിക്കരുതെന്നും അക്രമം നിർത്തണമെന്നും പറഞ്ഞ് ഒരുസ്ത്രീ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഹോട്ടൽ ജീവനക്കാരായ പത്തുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം, ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

രണ്ട് സ്ത്രീകൾ ഉൾപ്പെട്ട കുടുംബമാണ് ബിരിയാണിക്ക് ചൂടില്ലെന്ന് പറഞ്ഞ് വെയിറ്ററുമായി വാക്ക് തർക്കത്തിലേർപ്പെട്ടതെന്നും പിന്നാലെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ പരാതി. എന്നാൽ ഹോട്ടൽ അധികൃതരുടെ ആരോപണങ്ങൾ തള്ളി പരാതിക്കാരനായ സുമിത് സിങ് എന്ന യുവാവ് രംഗത്തെത്തി.

താനും കുടുംബവും മട്ടൺ ബിരിയാണിയാണ് ഓർഡർ ചെയ്തത്. എന്നാൽ ബിരിയാണിക്കൊപ്പം ലഭിച്ച ഇറച്ചിക്ക് വേവ് കുറവുണ്ടായിരുന്നു. അക്കാര്യം വെയിറ്ററെ അറിയിച്ചതോടെ തിരിച്ചു കൊണ്ടുപോയി, ചൂടാക്കിയ ശേഷം അത് തന്നെ വിളമ്പി. ഇതോടെ ഭക്ഷണം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതോടെ വെയിറ്റർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് സുമിത് സിംഗിന്റെ പരാതി. സംഭവത്തിന്റെ വീഡിയോ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഇരു വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പരസ്പരം കസേരകൾ എറിയുന്നതും അസഭ്യം വിളിക്കുന്നതും വീഡിയോയിൽ കാണാം.

സുമിതിന്റെയും ഹോട്ടൽ മാനേജ്മെന്റിന്റെയും പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 'ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം, സ്ത്രീകളോട് അപമര്യാദയായി പെരുമാറി തുടങ്ങിയ വകുപ്പുകളിലാണ് ഹോട്ടൽ ജീവനക്കാർക്കെതിരെ കേസെടുത്തത്.

ചൂട് ബിരിയാണി നൽകാത്തതിന് യുവാവ് വെയിറ്ററെ ആക്രമിച്ചു. തുടർന്ന് മറ്റ് വെയിറ്റർമാർ തിരിച്ചടിച്ചതാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്.' സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഹൈദരബാദ് സെൻട്രൽ സോൺ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തിൽ പരുക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങി. കേസിൽ പ്രതികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി അറിയിച്ചു.

അതിനിടെ, സംഭവത്തിൽ ഹോട്ടൽ അധികൃതർക്കെതിരേ ശക്തമായ നടപടി വേണമെന്നായിരുന്നു ഘോഷമഹൽ എംഎ‍ൽഎ. രാജാ സിങ്ങിന്റെ ആവശ്യം. നടപടി ആവശ്യപ്പെട്ട് പൊലീസ് ഇൻസ്പെക്ടറെ എംഎ‍ൽഎ. വിളിച്ചതിന്റെ ഫോൺസംഭാഷണവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥാപനം കത്തിക്കുമെന്നായിരുന്നു എംഎ‍ൽഎ.യുടെ ഭീഷണി. ഹോട്ടലുടമ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും എംഎ‍ൽഎ. ആവശ്യപ്പെട്ടിരുന്നു.