തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു കോൺഗ്രസ് പാർട്ടിക്ക് ഔദ്യോഗിക ക്ഷണമില്ലെന്നും ക്ഷണം ലഭിച്ചത് വ്യക്തികൾക്കാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ഷണം ലഭിച്ച നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചു തീരുമാനം പറയുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

''സമസ്തയുടെ ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്‌ലിം ലീഗിന്റെ പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി അവരെല്ലാം എത്ര ശ്രദ്ധയോടെയാണു വിഷയത്തിൽ വാചകങ്ങൾ ഉപയോഗിച്ചത്. ഒരു കാരണവശാലും ഈ വിഷയം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത് എന്ന മനസ്സോടു കൂടിയാണ് അവർ മൂന്നുപേരും വിഷയത്തോടു പ്രതികരിച്ചത്. അതുകൊണ്ടാണ് അവരെ മൂന്നുപേരെയും അഭിനന്ദിച്ചത്. സിപിഎം അതാണോ ചെയ്യുന്നത്. സിപിഎം ഭിന്നിപ്പുണ്ടാക്കി അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണു ശ്രമിക്കുന്നത്''സതീശൻ പറഞ്ഞു.

അതേസമയം ജനുവരി 22 നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നതു സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. സോണിയയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും ലോക്സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണു സൂചന.