ഗുവാഹാട്ടി: പുതുവത്സരാഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഐ.ഐ.ടി. വിദ്യാർത്ഥിനി മരിച്ചു. ഗുവാഹാട്ടി ഐ.ഐ.ടി.യിലെ നാലാംവർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയും തെലങ്കാന കരീംനഗർ സ്വദേശിയുമായ പുല്ലൂരി ഐശ്വര്യ(21)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഡിസംബർ 31-ന് പബ്ബിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ഹോട്ടൽമുറിയിലെത്തിയ ഐശ്വര്യ പിറ്റേന്ന് രാവിലെയാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പറഞ്ഞത്. തുടർന്ന് ഹോട്ടൽ അധികൃതർ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി മരിച്ചിരുന്നു. മദ്യപിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അതേസമയം, വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അവധി കഴിഞ്ഞ് ഡിസംബർ 31-നാണ് ഐശ്വര്യ ഗുവാഹാട്ടിയിൽ എത്തിയത്. ചൊവ്വാഴ്ച വരെ അവധിയുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പുതുവത്സരം ആഘോഷിക്കാനായി രണ്ടുദിവസം മുൻപേ ഗുവാഹാട്ടിയിലേക്ക് പോവുകയായിരുന്നു.

പുതുവർഷത്തലേന്ന് നഗരത്തിലെത്തിയ വിദ്യാർത്ഥിനി മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഗുവാഹാട്ടി-ഷില്ലോങ് റോഡിലെ പബ്ബിലാണ് പുതുവത്സരാഘോഷത്തിൽ പങ്കെടുത്തത്. തുടർന്ന് ഇവർ നാലുപേരും പബ്ബിന് സമീപമുള്ള ഹോട്ടലിൽമുറിയെടുത്തു. ഇവിടെവച്ചാണ് പെൺകുട്ടി അവശനിലയിലായത്.

ജനുവരി ഒന്നിന് പുലർച്ചെ 1.30-ഓടെയാണ് ഐശ്വര്യ അടക്കമുള്ള വിദ്യാർത്ഥികൾ മുറിയിലെത്തിയതെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. രണ്ടുമുറികളാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. പബ്ബിൽനിന്നാണ് വരുന്നതെന്നും ഇവർ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെയും പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. സംഭവത്തിൽ എല്ലാവശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, മകളുടെ മരണത്തിന് പിന്നിൽ ആരെയും സംശയിക്കുന്നില്ലെന്നായിരുന്നു ഐശ്വര്യയുടെ പിതാവ് രവിയുടെ പ്രതികരണം.