- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോഗ്യയാക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്രയുടെ ഹർജി; ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ലോഗിൻ വിവരങ്ങൾ പങ്കുവെച്ചു എന്നാരോപിച്ച് എംപി. സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയത് ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസ്. മഹുവയുടെ ഹർജി വിശദമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ, സഭാനടപടികളിൽ പങ്കെടുക്കാൻ മഹുവയ്ക്ക് കോടതി അനുവാദം നൽകിയില്ല. കേസ് വാദം കേൾക്കാനായി മാർച്ചിലേക്ക് മാറ്റി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തിൽ ലോക്സഭാ സെക്രട്ടറി ജനറലിനോട് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ലോക്സഭാ സെക്രട്ടറി ജനറലിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് അയക്കരുതെന്ന തുഷാർ മേത്തയുടെ ആവശ്യം കോടതി നിരാകരിച്ചു.
മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്വിയാണ് മഹുവ മൊയ്ത്രയ്ക്കുവേണ്ടി ഹാജരായത്. എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ തന്റെ ഭാഗം പറയാൻ സഭയിൽ അനുമതി നിഷേധിച്ചെന്ന് മഹുവ മൊയ്ത്ര ഹർജിയിൽ പറഞ്ഞു. ലോഗിൻ വിവരങ്ങൾ പങ്കുവെച്ചു എന്നാരോപിച്ചാണ് തന്നെ പുറത്താക്കിയതെന്നും എന്നാൽ, ഇത് പങ്കുവെക്കരുതെന്ന് നിലവിലെ ചട്ടങ്ങളിൽ പറയുന്നില്ലെന്നും അവർ കോടതിയെ അറിയിച്ചു. ചോദ്യത്തിന് കോഴ എന്ന ആരോപണം തെളിയിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നും മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്