കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റേഷൻ അഴിമതിക്കേസിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാനയിലാണ് ആക്രമണം അരങ്ങേറിയത്. തൃണമൂൽ നേതാവിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.

റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കായ ഷാജഹാൻ ഷെയ്ഖ്, ശങ്കർ ആദ്യ തുടങ്ങിയവരുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെയാണ് വഴിയിൽ വച്ച് നൂറ് കണക്കിന് വരുന്ന തൃണമൂൽ പ്രവർത്തകർ തടഞ്ഞത്.

ഇ.ഡി സംഘം സഞ്ചരിച്ച വാഹനനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിയിൽ ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റും. തുടർന്ന് അവർക്ക് അവിടെ നിന്ന് പരിശോധന നടത്താതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും പരിശോധന പൂർത്തിയാക്കാതെ കൊൽക്കത്തയ്ക്ക് മടങ്ങിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.

ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സംസ്ഥാന ബിജെപി അധ്യക്ഷൻ രംഗത്തെത്തി. തൃണമൂല് കോൺഗ്രസ് നേതാക്കളായ ഇവരെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇഡി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രണത്തിന് പിന്നിൽ റോഹിങ്ക്യകളാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു.