ചണ്ഡീഗഢ്: ഹരിയാനയിലെ കോൺഗ്രസ് എംഎ‍ൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയിൽ പിടികൂടിയത് 300 കോടി രൂപയുടെ കറൻസിയും സ്വർണ ബിസ്‌ക്കറ്റുകളും. സോനിപത് മണ്ഡലത്തിലെ എംഎ‍ൽഎയായ സുരേന്ദ്ര പൻവാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യൻ നാഷണൽ ലോക് ദൾ പാർട്ടിയുടെ (ഐ.എൻ.എൽ.ഡി) മുൻ എംഎ‍ൽഎ. ദിൽബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി.

ഖനി വ്യവസായി കൂടിയായ എംഎ‍ൽഎ. സുരേന്ദ്ര പൻവാറിന്റെ വീട്ടിൽ വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ആറ് വാഹനങ്ങളിലായി ഇരുപതോളം ഇ.ഡി. ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. സുരേന്ദ്ര പൻവാറിന്റെ വീട്ടിൽനിന്ന് 300 കോടി രൂപയുടെ കറൻസിയാണ് ഇ.ഡി. പിടിച്ചെടുത്തത്. കൂടാതെ 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വർണ ബിസ്‌കറ്റുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എംഎ‍ൽഎയുടെ കുടുംബാങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇ.ഡി. പിടിച്ചെടുത്തു.

യമുനാനഗർ, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കർനാൽ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. 2013-ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന. ദേശീയ ഹരിത ട്രിബ്യൂണൽ നിരോധിച്ചതിന് ശേഷവും യമുനാനഗറിലും സമീപജില്ലകളിലുമായി പാറ, ചരൽ, മണൽ ഖനനം തുടർന്നതിന് ഹരിയാന പൊലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.