മുംബൈ: രശ്മി ശുക്ല ഐപിഎസ് മഹാരാഷ്ട്ര പൊലീസ് മേധാവിയായി ചുമതലയേറ്റു. വ്യാഴാഴ്ചയാണ് രശ്മി ശുക്ല ചുമതലയേറ്റത്. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

1988 ബാച്ചിലെ ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഡെപ്യൂട്ടേഷനിൽ സിആർപിഎഫ് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. 2024 ജൂണിൽ വിരമിക്കുന്ന ശുക്ലയുടെ കാലവധി ആറ് മാസമാണ്. എന്നാൽ സർക്കാരിന് കലാവധി നീട്ടാവുന്നതാണ്.

ഡിസംബർ 29ന് ചേർന്ന യുപിഎസ്‌സി യോഗത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടത്. ഇതിൽ നിന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമാണ് രശ്മി ശുക്ലയുടെ പേര് തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് നിയമന ഉത്തരവിറങ്ങിയത്.