ന്യൂഡൽഹി: എ.ഐ.സി.സി. ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതോടെ പാർട്ടി നേതൃത്വവുമായി അകന്ന താരിഖ് അൻവർ കോൺഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ സംഘടനാ അഴിച്ചുപണിയിൽ സ്ഥാനം നഷ്ടപ്പെട്ടത്തിൽ താരിഖ് അൻവർ അതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ.

അഴിച്ചുപണിക്ക് പിന്നാലെ ബിഹാറിൽനിന്നുള്ള നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ കൂടിക്കാഴ്ചയിൽ താരിഖ് അൻവർ പങ്കെടുത്തിരുന്നില്ല. തുടർന്ന് നടന്ന ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും അദ്ദേഹമെത്തിയിരുന്നില്ല. എൻ.സി.പി. സ്ഥാപക നേതാക്കളിൽ ഒരാളായ താരിഖ് അൻവർ ശരദ് പവാറിന്റെ പാർട്ടിയിലേക്ക് തിരിച്ചുപോയേക്കുമെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.

കോൺഗ്രസ് അധ്യക്ഷയായുള്ള സോണിയ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്താണ് താരിഖ് അൻവർ രണ്ടുദശാബ്ദം മുമ്പ് കോൺഗ്രസ് വിട്ടത്. ശരദ് പവാറിനും പി.എ. സാങ്മയ്ക്കുമൊപ്പം എൻ.സി.പി. രൂപവത്കരിച്ചു. എന്നാൽ, 2018-ൽ കോൺഗ്രസിൽ തിരിച്ചെത്തി. റഫാൽ കരാർ ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശരദ് പവാർ ക്ലീൻ ചിറ്റ് നൽകിയുള്ള പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് എൻ.സി.പി. വിട്ടത്.

ബിഹാറിലെ കത്തിഹാറിൽനിന്നുള്ള എംപിയായിരുന്ന താരിഖ്, പാർലമെന്റ് അംഗത്വവും രാജിവച്ചാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിൽ തിരിച്ചെത്തിയ താരിഖ് അൻവറിന് പാർട്ടി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകി. കേരളത്തിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്.

എന്നാൽ, മല്ലികാർജുൻ ഖാർഗെ പ്രസിഡന്റായ ശേഷം നടന്ന സംഘടനാ അഴിച്ചുപണിയിൽ താരിഖ് അൻവറിന് സ്ഥാനം നഷ്ടപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഏക നേതാവ് താരിഖ് അൻവറായിരുന്നു. ഇതിലടക്കം അദ്ദേഹം അതൃപ്തനാണെന്നാണ് സൂചന.

അഭ്യൂഹങ്ങൾക്കിടയിലും അദ്ദേഹം പാർട്ടി പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ബിഹാറിൽ ഇന്ത്യ സഖ്യകക്ഷികളുമായി നടക്കുന്ന സീറ്റ് ചർച്ചകളിൽ കത്തിഹാറിനുവേണ്ടി കോൺഗ്രസ് ആവശ്യമുന്നയിക്കുന്നുണ്ടെന്നും ഇവിടെ താരിഖ് അൻവറിനെ പരിഗണിച്ചേക്കുമെന്നും ഇതിനിടെ റിപ്പോർട്ടുകൾ വരുന്നുണ്ട്.