ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം നൽകി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിട്ടും ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. കരൻപുരിൽ നിലവിലെ മന്ത്രിസഭാംഗമായ ബിജെപി. സ്ഥാനാർത്ഥി സുരേന്ദർപാൽ സിങ്ങിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി രൂപീന്ദർ സിങ് കൂനർ വിജയിച്ചു.

12,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ജയം. സുരേന്ദർപാൽ സിങ്ങിനെ മന്ത്രിയാക്കി തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് വിജയമുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് പരാജയപ്പെട്ടത്

വിജയത്തോടെ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 69-ൽ നിന്ന് 70 ആയി ഉയർന്നു. ബിജെപിക്ക് 115 എംഎ‍ൽഎമാരാണുള്ളത്. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി രൂപീന്ദർ സിങ് കൂനറിന്റെ പിതാവ് ഗുർമീത് സിങ് കൂനറായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനിടെ സ്ഥാനാർത്ഥിക്ക് മന്ത്രിസ്ഥാനം നൽകി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് രൂപീന്ദർ സിങ് കൂനറിന്റെ വിജയമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് എക്സിൽ കുറിച്ചു.

മുൻ എംഎൽഎയായ ഗുർമീത് സിങ് കുന്നറിന്റെ പ്രവർത്തനം രാജസ്ഥാനിലെ ആളുകൾ മറന്നിട്ടില്ലെന്നതിന്റെ തെളിവാണ് മകന്റെ വിജയമെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലായിരുന്നു ഗുർമീത് സിങ് കുന്നർ അന്തരിച്ചത്. ഇതോടെ കരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

ബിജെപിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിച്ചിരുന്നു. ന്യൂനപക്ഷ- വഖഫ് അടക്കം നാല് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രസ്ഥാനമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി. സുരേന്ദർപാൽ സിങ്ങിന് നൽകിയത്.