നോയ്ഡ: ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വീണ്ടുമൊരു മരണവാർത്ത കൂടി. നോയ്ഡയിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെ വികാസ് നേഗിയെന്ന 34കാരൻ പിച്ചിൽ കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്തര ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്സരത്തിലെ പതിനാലാം ഓവറിൽ നോൺ സ്‌ട്രൈക്കിങ് എൻഡിൽ നിൽക്കുകയായിരുന്ന വികാസ് നേഗി സ്‌ട്രൈക്കർ ഉമേഷ് കുമാർ ബൗണ്ടറിയിലേക്ക് അടിച്ച പന്തിനായി സിംഗിൾ ഓടി സ്‌ട്രൈക്കിങ് എൻഡിലെത്തി. പന്ത് ബൗണ്ടറി കടന്നതോടെ തിരിച്ച് നോൺ സ്‌ട്രൈക്കിങ് എൻഡിലേക്ക് നടക്കാൻ തുടങ്ങവെ പിച്ചിന് നടുവിൽ പൊടുന്നനെ കുഴഞ്ഞു വീണു.

വികാസ് നേഗി കുഴഞ്ഞു വീഴുന്നതുകണ്ട് ബാറ്ററും എതിർ ടീം താരങ്ങളും പിച്ചിന് നടുവിലേക്ക് ഓടിയെത്തി. കുഴഞ്ഞുവീണ വികാസ് നേഗിക്ക് സിപിആർ നൽകിയശേഷം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

എഞ്ചിനീയറായ യുവാവാണ് ക്രിക്കറ്റ് മൈതാനത്തു കുഴഞ്ഞുവീണു മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം.

മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന വികാസ് നേഗി സ്ഥിരമായി ക്രിക്കറ്റ് മത്സരം കളിക്കാൻ വരാറുണ്ടായിരുന്നുവെന്ന് സഹതാരങ്ങൾ പറഞ്ഞു. കൊവിഡിനുശേഷം കഴിഞ്ഞ കുറച്ചു കാലങ്ങളായി യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതിനെക്കുറിച്ച് നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലും ഹൃൃദയാഘാതം മൂലമുള്ള മരണനിരക്കിൽ വർധനയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. മുമ്പ് പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോഴത് 30-40 പ്രായക്കാരിലും കൂടുതലായി കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറയിപ്പ് നൽകിയിരുന്നു.

ഹൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

മുൻകാലങ്ങളിൽ പ്രായമായവരിൽമാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതമരണങ്ങൾ മുപ്പതുകളിലും നാൽപതുകളിലും സാധാരണമാവുകയും ചെയ്തു. വ്യായാമത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.