- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിൽകിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികൾ ഒളിവിൽ; ഒൻപത് പ്രതികളെ വീടുകളിൽ നിന്ന് കാണാതായി; എവിടെയാണെന്ന് അറിയില്ലെന്ന് ബന്ധുക്കൾ
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളെ വീടുകളിൽ നിന്ന് കാണാതായതായും ഇവർ ഒളിവിലാണെന്നും റിപ്പോർട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാൽ, കേസിലെ പതിനൊന്നു പ്രതികളിൽ ഒമ്പതു പേരെയും കാണാനില്ലെന്നാണ് വിവരം. സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ മാധ്യമങ്ങൾ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികൾ വീടുകളിലില്ലെന്ന് അറിയുന്നത്.
ഗുജറാത്തിലെ രൺധിക്പുർ, സിങ്വാദ് എന്നീ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് പതിനൊന്ന് പ്രതികളും. പ്രതികളെക്കുറിച്ച് കുടുംബാംഗങ്ങൾക്കും കൃത്യമായ വിവരമില്ല. പ്രതികൾ വീടുവിട്ടിട്ട് ഒരാഴ്ചയോളമായെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കളുടെ മൊഴി. വിധി വരുന്നതിനു മുമ്പുതന്നെ പ്രതികൾ വീടുകളിൽനിന്ന് പോയിരുന്നെന്നാണ് ചിലർ പറയുന്നത്. എന്നാൽ, വിധിപ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ് പ്രതികളെ വീടുകളുടെ പരിസരത്ത് കണ്ടിരുന്നെന്നാണ് കാവലിനു നിർത്തിയ പൊലീസുകാർ പറയുന്നത്.
കേസിൽ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികൾ ജയിലിൽ തിരിച്ചെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികൾ മുങ്ങിയതോടെ കീഴടങ്ങൽ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇതുവരെ ഇവരുടെ കീഴടങ്ങൽ സംബന്ധിച്ച വിവരമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. രഹസ്യമായി പ്രതികളിൽ ചിലർ ബന്ധുക്കളെ സന്ദർശിക്കുന്നതായുള്ള വിവരം പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായുള്ള നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും പ്രതികളുടെ ഗ്രാമങ്ങളിൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് എല്ലാവരെയും കണ്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കുറ്റവാളികൾക്ക് തിരികെ ജയിലിൽ റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നൽകിയിട്ടുള്ളത്.
ജനുവരി എട്ടിനാണ് ബിൽക്കിസ് ബാനു കേസിൽ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഉത്തരവിൽ തെറ്റില്ലെന്ന നിലപാടായിരുന്നു ഗുജറാത്ത് സർക്കാർ സ്വീകരിച്ചത്. 1992ലെ ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് തീരുമാനമെടുത്തത്. ശിക്ഷാ ഇളവിൽ ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് 2022 മെയ് മാസത്തിലെ വിധി. ഇതനുസരിച്ചാണ് തീരുമാനമെടുത്തതെന്നുമാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ ശിക്ഷാ ഇളവ് നൽകേണ്ടത് ഗുജറാത്ത് സർക്കാരല്ല. മഹാരാഷ്ട്ര സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിചാരണ മഹാരാഷ്ട്രയിലാണ് നടന്നത്. അതിനാൽ ശിക്ഷാ ഇളവ് സംബന്ധിച്ച അപേക്ഷ പരിഗണിക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്നും ബിൽക്കിസ് ബാനു കേസിലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വീണ്ടും ജയിലിലേക്ക് പോകണമെന്നാണ് ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികൾക്ക് സുപ്രീം കോടതി നൽകിയ നിർദ്ദേശം. രണ്ടാഴ്ചയാണ് കുറ്റവാളികൾക്ക് കീഴടങ്ങാൻ സുപ്രീം കോടതി നൽകിയ സമയപരിധി. ഇത് അവസാനിക്കും മുൻപ് ശിക്ഷാ ഇളവ് തേടി മഹാരാഷ്ട്ര സർക്കാരിനെ സമീപിക്കാനാണ് കുറ്റവാളികളുടെ ആലോചന. ശിക്ഷാ ഇളവ് നേടിയ കാലഘട്ടത്തിലെ മാനസിക പരിവർത്തനം പരിഗണിക്കണം എന്നാവും അപേക്ഷയ്ക്ക് ആധാരമായി ഉന്നയിക്കുന്ന കാര്യം.
മറുനാടന് ഡെസ്ക്