ന്യൂഡൽഹി: അർദ്ധരാത്രി റോഡരികിൽ യുവാവിനെ കുത്തിവീഴ്‌ത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായവരിൽ മൂന്ന് പേരും 18 വയസ് തികയാത്ത കുട്ടികളാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കൊലപാതക സമയത്ത് യാദൃശ്ചികമായി സ്ഥലത്തെത്തിയ പട്രോളിങ് സംഘത്തിലെ പൊലീസുകാർ മൂന്ന് പേരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഡൽഹി ഗൗതംപുരി സ്വദേശിയായ ഗൗരവ് എന്നയാളെ കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. ഗൗരവിന്റെ ശരീരത്തിൽ 25 തവണ കുത്തേറ്റതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദേവ് പറഞ്ഞു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്.

സംഭവസമയത്ത് സ്ഥലത്തെത്തിയ പൊലീസ് പട്രോളിങ് സംഘത്തിലെ ഉദ്യോഗസ്ഥർ കൊലയാളികൾ രക്ഷപ്പെടുന്നത് കണ്ട് ഇവരെ പിന്തുടരുകയായിരുന്നു. മൂന്ന് പേരെ പൊലീസുകാർ പിടികൂടി. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്തു.

രണ്ട് ഹെഡ്‌കോൺസ്റ്റബിൾമാർ അടങ്ങുന്ന പൊലീസ് പട്രോളിങ് സംഘമാണ് കൊലയാളികൾ രക്ഷപ്പെടുന്നത് കണ്ടത്. ഇവർ പ്രതികളെ പിന്തുടർന്നതിനൊപ്പം മറ്റൊരു സംഘം പൊലീസുകാർ എതിർ ദിശയിൽ നിന്ന് ഇവരെ തടയുകയും ചെയ്തു. അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പേരും 18 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് കൂടി വിവരം ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിലും ഒരാൾ 18 വയസിന് താഴെ പ്രായമുള്ളയാളാണ്.

തകർക്കത്തിനൊടുവിൽ അഞ്ചംഗ സംഘം ഗൗരവിനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസ് മോർച്ചറിയിലേക്ക് മാറ്റി.