ലണ്ടൻ: ലോകത്തിന് മുന്നിൽ നമ്മൾ ഇപ്പോൾ ഒരു ദുർബല രാജ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നാം വളർന്നുവരുന്ന ഒരു ആഗോള ശക്തിയാണ്. ഇനി ആർക്കും നമ്മളെ കണ്ണുരുട്ടി പേടിപ്പിച്ച് രക്ഷപ്പെടാൻ പറ്റില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ചുകൊണ്ട് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ച് ലണ്ടനിൽ സംസാരിക്കുകയായിരുന്നു അദേഹം.

'ഇന്ത്യയിലെ ഭാരത് ആഖ്യാനത്തെക്കുറിച്ച് ഞാൻ കാണുന്നത്' എന്ന തലകെട്ടോടുകൂടി കോളം ഇന്ത്യയെക്കുറിച്ചുള്ള മാറുന്ന ചൈനീസ് വീക്ഷണത്തിന്റെ ശക്തമായ സ്ഥിരീകരണമാണ്. നമ്മുടെ സാമ്പത്തിക, വിദേശ നയങ്ങളും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ തന്ത്രപരമായ താൽപ്പര്യങ്ങളും ഭാരതത്തെ ഒരു പ്രധാന ആഗോള സാമ്പത്തികവും തന്ത്രപരവുമായ ശക്തിയായി ഉയർത്താൻ സഹായിച്ചുവെന്ന് ചൈനീസ് സർക്കാർ അംഗീകരിച്ചതായി വേണം കണക്കാകാനെന്നും അദേഹം പറഞ്ഞു.

ഞങ്ങൾ ആരെയും ശത്രുവായി കാണുന്നില്ല, പക്ഷേ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവിൽ വഷളാണെന്ന് ലോകത്തിന് അറിയാം. എന്നൽ നമ്മുടെ എല്ലാ അയൽക്കാരുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും നല്ല ബന്ധം വളർത്തിയെടുക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും ലണ്ടനിലെ ഇന്ത്യാ ഹൗസിൽ കമ്മ്യൂണിറ്റി സ്വീകരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.