ഹൈദരാബാദ്: ഹൈദരാബാദ് ഉസ്മാനിയ സർവ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിൽ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. സർവ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡിൽ കുത്തിയിരിപ്പ് സമരവുമായി വിദ്യാർത്ഥിനികൾ. കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടർന്നാണ് സമരമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

ഒഴിഞ്ഞ പ്ലേറ്റുകളുമായാണ് വിദ്യാർത്ഥിനികൾ സമരത്തിനെത്തിയത്. വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാർത്ഥിനികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും പലർക്കും വയർ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാർത്ഥിനികൾ പറയുന്നു.

Surya Reddy എന്ന് എക്‌സ് (ട്വിറ്റർ) ഉപയോക്താവ് വിദ്യാർത്ഥിനി സമരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു. ഇരുപത്തിയൊന്നായിരത്തിന് മേലെ ആളുകൾ ട്വിറ്റ് ഇതിനകം കണ്ടു. ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സൂര്യ ഇങ്ങനെ എഴുതി, 'ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പുഴിക്കളുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ സർവ്വകലാശാലയിലെ വനിതാ വിദ്യാർത്ഥിനികൾ അംബർപേട്ടിലെ വനിതാ ഹോസ്റ്റൽ കോംപ്ലക്‌സിന് മുന്നിൽ പ്രതിഷേധിച്ചു.

ചിലർക്ക് വയർ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായി. മൂന്ന് മാസമായി അധികാരികൾ ഇത് അവഗണിക്കുകയായിരുന്നു.' ഏതാണ്ട് പത്തിനും ഇരുപതിനും ഇടയിൽ വിദ്യാർത്ഥിനികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 'നവംബർ മുതൽ ഈ പ്രശ്‌നമുണ്ട്. ഭക്ഷണമുണ്ടാക്കാായി ഒരേ എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങൾ ഡയറക്ടറെ അറിയിച്ചപ്പോൾ അവർ രൂക്ഷമായി പ്രതികരിക്കുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഭക്ഷണത്തിൽ നിന്നും പുഴുക്കളെ കണ്ടെത്തുന്നു.' ഒരു വിദ്യാർത്ഥി ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.