മുംബൈ: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് ക്ഷണക്കത്ത് ലഭിച്ചു. ക്ഷണക്കത്ത് സ്വീകരിക്കുന്ന സച്ചിൻ തെൻഡുൽക്കറുടെ ചിത്രം വാർത്താ ഏജൻസിയായ എഎൻഐയാണു പുറത്തുവിട്ടത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക.

ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായി അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതൽ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കും.

മുകേഷ് അംബാനി, അമിതാഭ് ബച്ചൻ, രത്തൻ ടാറ്റ തുടങ്ങി ഏഴായിരത്തോളം പ്രമുഖർക്കാണു പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണമുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.