- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവർ; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി എം.കെ. സ്റ്റാലിൻ
ചെന്നൈ: മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. പൊങ്കൽ ആശംസാ സന്ദേശത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉദയനിധിയുടെ നേതൃത്വത്തിൽ ജനുവരി 21-ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. സംസ്ഥാനത്തുടനീളമുള്ള യുവാക്കൾ സമ്മേളനത്തിന് തയ്യാറെടുക്കുമ്പോൾ ചിലർ തന്റെ ആരോഗ്യത്തെ സംബന്ധിച്ചുപോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നിടത്തോളം താൻ ആശങ്കപ്പെടില്ലെന്ന് വെള്ളിയാഴ്ച ഒരു ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവന ആശംസാ സന്ദേശത്തിലും സ്റ്റാലിൻ ആവർത്തിച്ചു. 'ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാൻ ജോലിചെയ്യുന്നു, ജോലി ചെയ്യുന്നു, ജോലിചെയ്യുന്നു', എഴുപതുകാരനായ സ്റ്റാലിൻ വ്യക്തമാക്കി.
തന്റെ ആരോഗ്യത്തെ സംബന്ധിച്ച നുണ പോളിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഉദയനിധിക്ക് നൽകാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ ചിലർ പ്രചരിപ്പിച്ചു. എന്നാൽ, മുഖ്യമന്ത്രിയെ സഹായിക്കാൻ മന്ത്രിമാർ എല്ലാവരുമുണ്ടെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഉദയനിധിതന്നെ വ്യക്തമാക്കിക്കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് വിങ് സമ്മേളനത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങൾ പാർട്ടിപ്രവർത്തകർ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതായിരിക്കും സമ്മേളനത്തിന്റെ ലക്ഷ്യം. ഡി.എം.കെ അധ്യക്ഷസ്ഥാനം ലഭിച്ചത് പ്രവർത്തകരുടെയും പാർട്ടി ജനറൽ കൗൺസിലിന്റെയും തീരുമാനപ്രകാരമാണ്. പക്ഷെ, ജനങ്ങളുടെ പിന്തുണയും പാർട്ടിപ്രവർത്തകരുടെ വലിയ പരിശ്രമവുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് ഡെസ്ക്