- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഹുൽ ഗാന്ധി ആദ്യം സ്വന്തം പാർട്ടിയിലെ നേതാക്കളോട് 'ന്യായം' ചെയ്യൂ; ന്യായ് യാത്ര അതിനുശേഷമാകാം'; മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടതിൽ വിമർശനവുമായി ബിജെപി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ പാർട്ടി വിട്ടതിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതൃത്വം. രാഹുൽ ഗാന്ധി ആദ്യം സ്വന്തം പാർട്ടിയിലെ നേതാക്കളോട് 'ന്യായം' ചെയ്യൂ എന്ന് ബിജെപി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യായ് യാത്ര അതിനുശേഷമാകാം എന്നും അമിത് മാളവ്യ ട്വീറ്റിൽ പറയുന്നു. 'ഭാരത് ജോഡോ ന്യായ് യാത്ര' ഇന്ന് മണിപ്പുരിൽ നിന്ന് ആരംഭിക്കാനിരിക്കെയാണ് യാത്രയുടെ പേര് തന്നെ ഉപയോഗിച്ച് ബിജെപി. രാഹുലിനെ വിമർശിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് മിലിന്ദ് ദേവ്റ കോൺഗ്രസിൽ നിന്ന് രാജി വെച്ചതായി അറിയിച്ചത്. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിലിന്ദ് ദേവ്റയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് മാളവ്യ രാഹുലിനെതിരെ വിമർശനം ഉന്നയിച്ചത്.
15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ സഞ്ചരിക്കുന്ന തരത്തിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ന്യായ് യാത്ര കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഫ്ളാഗ് ഓഫ് ചെയ്യുക. ഇന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20-ന് മുംബൈയിൽ സമാപിക്കും.
അനുമതി ലഭിക്കാത്തതിനെ തുടർന്ന് യാത്ര ആരംഭിക്കുന്ന വേദിയിൽ മാറ്റമുണ്ട്. മണിപ്പുരിലെ തൗബാൽ ജില്ലയിലെ ഖോങ്ജോം ഗ്രൗണ്ടിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വേദി മാറ്റിയെങ്കിലും യാത്രാമാർഗം പഴയത് തന്നെയായിരിക്കും.
നേരത്തേ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി വെള്ളിയാഴ്ച പൗരസമൂഹസംഘടനകളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുമായി ചർച്ചനടത്തിയിരുന്നു. ദളിതുകൾ, ആദിവാസികൾ, മറ്റു പിന്നാക്കവിഭാഗക്കാർ, സ്ത്രീകൾ, തൊഴിൽരഹിതർ, അസംഘടിത തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ നേരിടുന്ന അനീതിയാണ് പ്രധാനമായും ചർച്ചാവിഷയമായത്. ചർച്ചയിൽ പങ്കെടുത്തവരിൽനിന്ന് നിർദേശങ്ങളെ സ്വാഗതംചെയ്ത രാഹുൽ, യാത്രയിലൂടെ നീതിക്കായി പോരാടാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിച്ചു.
മറുനാടന് ഡെസ്ക്