ഹൈദരാബാദ്: ഹൈദരാബാദിൽ പട്ടം പറത്തുന്നതിനിടെ വ്യത്യസ്ത ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു. അത്താപുരിൽ ഷോക്കേറ്റ് 11 വയസുകാരൻ തനിഷ്‌കും നഗോളയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് 13 വയസുകാരൻ ശിവ കുമാറുമാണ് മരിച്ചത്.

കൂട്ടുകാർക്കൊപ്പം അപ്പാർട്ടുമെന്റിന് മുകളിൽ പട്ടംപറത്തി കളിക്കുകയായിരുന്നു തനിഷ്‌ക്. പട്ടത്തിന്റെ നൂല് വൈദ്യുതി വയറിൽ തട്ടുകയും ഷോക്കേറ്റ തനിഷ്‌ക് തൽക്ഷണം മരണപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതവയർ അശ്രദ്ധമായി ഇട്ടിരുന്നതിന്റെ പേരിൽ അപ്പാർട്ടുമെന്റ് ഉടമസ്ഥർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

പട്ടം പറത്തുന്നതിനിടെ നാലുനില കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് എട്ടാം ക്ലാസുകാരനായ ശിവകുമാറിന് ജീവൻ നഷ്ടപ്പെട്ടത്. സമീപത്തുള്ള ആസ്ബറ്റോസ് കെട്ടിടത്തിന് മുകളിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ശിവകുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, വൈദ്യുതലൈനുകളുള്ള ഇടങ്ങളിൽ ജനങ്ങൾ പട്ടംപറത്താൻ പാടില്ലെന്ന് തെലങ്കാന സ്റ്റേറ്റ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഷറഫ് അലി ഫാറൂഖി അറിയിച്ചു. 'മാഞ്ജാ' എന്ന് വിളിക്കുന്ന മെറ്റൽ കവറിങുള്ള പട്ടംനൂൽ ഉപയോഗിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

'കോട്ടൺ, ലിനൻ, നൈലോൺ തുടങ്ങിയവ മാത്രമേ പട്ടംനൂലായി ഉപയോഗിക്കാവൂ. സമീപത്ത് വൈദ്യുതി ലൈനുകളുള്ള സ്ഥലങ്ങളിൽ പട്ടത്തിലോ പട്ടംനൂലിലോ മെറ്റൽ വസ്തുക്കൾ ഉപയോഗിക്കുന്നത് വലിയ അപകടം ഉണ്ടാക്കും', ഫാറൂഖി പറഞ്ഞു.