ബംഗളൂരു: കർണാടകയിൽ സർക്കാർ വിദ്യാർത്ഥികളെ കൊണ്ട് സ്‌കൂൾ പ്രിൻസിപ്പൽ ടോയ്‌ലറ്റുകൾ കഴുകിച്ചെന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. പ്രിൻസിപ്പലിന്റെ പൂന്തോട്ടം വൃത്തിയാക്കിച്ചതായും പരാതിയിൽ പറയുന്നു. കൽബുർഗിയിലെ മൗലാനാ ആസാദ് മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ടാണ് പ്രിൻസിപ്പൽ സ്‌കൂൾ ടോയ്ലറ്റും പൂന്തോട്ടവും വൃത്തിയാക്കിച്ചത്. സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ പിതാവാണ് പൊലീസിന് പരാതി നൽകിയത്.

സ്‌കൂളിലെ വിദ്യാർത്ഥികളെ സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കാനും പ്രിൻസിപ്പലിന്റെ വസതിയിൽ പൂന്തോട്ടം പണിയാനും നിർബന്ധിച്ചതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി സ്‌കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്നാവശ്യപ്പെട്ട് കുട്ടികളിൽ ഒരാളുടെ പിതാവ്, റോസ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രക്ഷിതാക്കൾ പ്രിൻസിപ്പലിനെ കണ്ട് സംഭവത്തിൽ വിശദീകരണം ചോദിച്ചപ്പോൾ സ്‌കൂളിൽ വേണ്ടത്ര ശുചീകരണ തൊഴിലാളികൾ ഇല്ലെന്നാണ് മറുപടി പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും റോസ പൊലീസ് അറിയിച്ചു.