പൂണെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പിതാവിന്റെ ഫോണിലേക്ക് അയച്ചുനൽകിയ കേസിൽ 20 കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അമൻകുമാർ പങ്കജ് (20) എന്ന യുവാവിനെയാണ് പൂണെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത് പൂണെ സൈബർ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച ഇയാൾ താമസിക്കുന്ന സ്ഥലത്ത് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഓൺലൈനിൽ 'ഫ്രീ ഫയർ' ഗെയിം കളിക്കുന്നതിനിടെയാണ് പെൺകുട്ടി പങ്കജുമായി പരിചയത്തിലായത്. പതിവായി ഗെയിം കളിക്കുന്നതിനിടയിൽ ഇരുവരും സുഹൃത്തുക്കളായി. കഴിഞ്ഞ വർഷം ജൂണിൽ സഹോദരിയെ ഉപദ്രവിക്കും, അല്ലെങ്കിൽ നഗ്‌നചിത്രങ്ങൾ അയക്കണമെന്ന് ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചു. ഭയന്നതോടെ പെൺകുട്ടി ചിത്രങ്ങൾ അയച്ചു നൽകി.

പിന്നീട് മാസങ്ങൾക്ക് ശേഷം, താനുമായി ബന്ധം സ്ഥാപിക്കണമെന്ന് പങ്കജ് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ നഗ്‌നചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി ഇയാളുമായി ഗെയിം കളിക്കുന്നത് നിർത്തി.

പ്രകോപിതനായ പങ്കജ് ദീപാവലി സമയത്ത് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പിതാവിനും മുത്തശിക്കും അയച്ചു നൽകുകയായിരുന്നു. ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പിതാവ് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോഴാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു