ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി. ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്ഫോർഡിനെയാണ് ജെസീന്ത വിവാഹം കഴിച്ചത്. തലസ്ഥാനമായ വെല്ലിങ്ടണിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ വടക്കായി നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്.

2022ൽ ഇരുവരും വിവാഹിതരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കടുത്ത കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെസീന്ത സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും മാതൃകാപരമായി പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവയ്ക്കുകയുമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി ജെസീന്തയും ക്ലാർക്കും ഇവരുടെ അഞ്ച് വയസുകാരിയായ മകൾ നീവും ഒരുമിച്ച് തന്നെയാണ് താമസിച്ചുവന്നിരുന്നത്.

ജെസീന്തയുടെ സുഹൃത്തും പ്രശസ്ത ഡിസൈനറുമായ ജൂലിയറ്റ് ഹൊഗൻ ഡിസൈൻ ചെയ്ത വെള്ള ഗൗണാണ് ജെസീന്ത ധരിച്ചത്. ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിൽ ജെസീന്ത താൻ ഭരണത്തിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ പേരിലും ക്രൈസ്റ്റ്ചർച്ചിലെ വെടിവയ്‌പ്പിനെ തുടർന്ന് നടത്തിയ പ്രവർത്തനങ്ങളുടേയും പ്രസ്താവനകളുടേയും പേരിലും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ജെസീന്ത. ന്യൂസിലൻഡിന്റെ പ്രധാനമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിൽ ജെസീന്ത താൻ ഭരണത്തിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.