- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വഴിയോരത്തെ വിളക്കിൽ കുരുങ്ങിക്കിടന്ന പട്ടത്തിന്റെ 'ചൈനീസ് മാഞ്ചാ' കുരുക്കായി; ബൈക്ക് യാത്രയ്ക്കിടെ കഴുത്തുമുറിഞ്ഞ് രക്തംവാർന്ന് സൈനികൻ മരിച്ചു; മനഃപൂർമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ഹൈദരാബാദ്: പട്ടത്തിൽ കെട്ടിയ 'ചൈനീസ് മാഞ്ചാ' കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികന് ദാരുണാന്ത്യം. ഗോൾകോണ്ടയിലെ സൈനിക ആശുപത്രിയിൽ ജോലിചെയ്യുന്ന നായിക് കെ. കോട്ടേശ്വര റെഡ്ഡിയാണ് ബൈക്കിൽ പോകുമ്പോൾ വഴിയോരത്തെ വിളക്കിൽ കുരുങ്ങിക്കിടന്ന പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് രക്തം വാർന്ന് മരിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥനാങ്ങളിൽ നിരോധിച്ചതാണ് ചൈനീസ് മാഞ്ചാ നൂൽ.
സൈനിക ആശുപത്രിയിൽ ജോലിചെയ്യുന്ന നായിക് കെ. കോതേശ്വര ജോലിക്കായി ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. വണ്ടിയിൽനിന്ന് വീണ ഇയാളെ ഒപ്പമുണ്ടായിരുന്ന ശങ്കർ ഡൗഡ് എന്നയാൾ ഉടനടി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
ഭാര്യയും രണ്ടുവയസുള്ള മകളും അടങ്ങുന്നതുമാണ് നായികിന്റെ കുടുംബം. അന്ത്യകർമങ്ങൾ അദ്ദേഹത്തിന്റെ ജന്മനാടായ വിശാഖപട്ടണം ജില്ലയിൽ നടത്തും. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മനഃപൂർമല്ലാത്ത നരഹത്യക്ക് തിരിച്ചറിയാത്ത ആളുകൾക്കെതിരെ കേസെടുത്തു. മാഞ്ചാ നൂൽ വിൽക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കണെമെന്ന് മരിച്ച സൈനികന്റെ ഭാര്യ ആവശ്യപ്പെട്ടു.
ഈടുനിൽക്കുന്നതിനാലും പൊട്ടാനുള്ള സാധ്യത കുറവായതിനാലും മത്സരാധിഷ്ഠിതമായി പട്ടം പറത്തുന്നവർ സംക്രാന്തി ആഘോഷത്തിനും മറ്റുമായി ചൈനീസ് മാഞ്ചാ നൂലാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.
'ചൈനീസ് മാഞ്ചാ'
പട്ടം പറത്താനായി ഉപയോഗിക്കുന്ന ഗ്ലാസ് പൂശിയ സിന്തറ്റിക് ചരടാണ് ചൈനീസ് മാഞ്ചയെന്ന പേരിൽ അറിയപ്പെടുന്നത്. ഇത് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ് . മോണോ ഫിലമെന്റ് ഫിഷിങ് ലൈനുകൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം. മനുഷ്യജീവനും പക്ഷികൾക്കും ആപത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017ലാണ് ഇത് രാജ്യത്ത് നിരോധിച്ചത്.
ദേശീയ ഹരിത ട്രിബ്യൂണലിൽ പൊലീസും ഡൽഹി സർക്കാരും വിവിധ ആക്ടിവിസ്റ്റുകളും നൽകിയ നിവേദനങ്ങളെ തുടർന്നായിരുന്നു തീരുമാനം. നിരോധനമുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങളുടെ ഭാഗങ്ങളായി ഇവ അനധികൃതമായി വിപണിയിലെത്താറുണ്ട്. ഇന്ത്യൻ മാഞ്ചയെക്കാൾ എപ്പോഴും ചൈനീസ് മാഞ്ചയ്ക്കാണ് ആവശ്യക്കാരേറെയെന്നാണ് വിൽപ്പനക്കാർ പറയുന്നത്.


