- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ

ഭോപാൽ: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ബജ്ജർവാദ് സ്വദേശി അനിൽ ഉയ്കെയാണ് 12 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് പൊലീസിന്റെ പിടിയിലായത്. ദമ്പതിമാർക്ക് മൂന്നാമതും ആൺകുഞ്ഞ് ജനിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം.
രണ്ട് ആൺമക്കളുടെ പിതാവായ അനിൽ ഭാര്യയുടെ മൂന്നാംപ്രസവത്തിൽ ഒരു പെൺകുഞ്ഞിനെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 12 ദിവസം മുൻപ് ഭാര്യ മൂന്നാമത് പ്രസവിച്ചതും ആൺകുട്ടിയായിരുന്നു. മൂന്നാമത്തെ കുട്ടിയായി ഒരുമകളെ ആഗ്രഹിച്ചിരുന്ന അനിൽ ഇതിന്റെ നിരാശയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ പ്രതി ആദ്യം ഭാര്യയെ മർദിക്കുകയായിരുന്നു. തുടർന്ന് ഭാര്യയിൽനിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി. ഇതിനിടെ, അനിലിന്റെ മർദനം ഭയന്ന് ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിയോടി. പിന്നീട് ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്തുഞെരിച്ചാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ കഴുത്തിൽ ഇതിന്റെ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

