- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാന ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; പൈലറ്റിനെ മർദിച്ച യുവാവിന് യാത്രാവിലക്ക് വന്നേക്കും; കടുത്ത പ്രതികരണവുമായി വ്യോമയാനമന്ത്രി

ന്യൂഡൽഹി: വിമാന ജീവനക്കാർക്കെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡിഗോ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ച സംഭവത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വിമാനത്തിലെ ജീവനക്കാർക്കെതിരെ യാത്രാക്കാർ നടത്തുന്ന ഇത്തരം പ്രവർത്തികൾ മോശവും നിയമനടപടി നേരിടേണ്ടതുമാണെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.
'' ഡൽഹിയിൽ ഇന്നലെ രാവിലെ 5 മണി മുതൽ 9 മണിവരെ അതി കഠിനമായ മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടിരുന്നത്. മൂടൽ മഞ്ഞിനുള്ളതിനാൽ റൺവേ കാണുന്നതിനും വിമാനം ഉയർത്തുന്നതിനും തടസങ്ങൾ നേരിട്ടിരുന്നു. ഇതിനാൽ ഡൽഹിയിലേക്കുള്ള വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള പല വിമാനങ്ങളും നിർത്തലാക്കുകയും വൈകുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്നിൽ കണ്ടാണ് വിമാനങ്ങൾ വൈകാൻ കാരണമായത്.
യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ വിമാന ജീവനക്കാർക്കെതിരായ യാത്രാക്കാരുടെ അപമര്യാദപരമായ പെരുമാറ്റങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു''- ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ചത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം 13 മണിക്കൂറോളം വൈകുമെന്ന അനൗൺസ്മെന്റ് വന്നതിനു പിന്നാലെ ഇയാൾ പൈലറ്റിനെ മർദ്ദിക്കുകയായിരുന്നു. രാത്രി 1 മണിക്ക് ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പോകാനിരുന്ന വിമാനമായിരുന്നു വൈകിയത്.
മർദ്ദനമേറ്റ ഇൻഡിഗോ പൈലറ്റ് അനൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യാത്രക്കാരനായ സഹിൽ കതാരിയയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഇൻഡിഗോ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നൽകി. യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെ കർശനമായ നടപടി യാത്രക്കാരനെതിരെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ നിന്ന് ഗോവയ്ക്കുള്ള ഇൻഡിഗോ വിമാനം വൈകുമെന്ന അറിയിപ്പ് നൽകുന്നതിനിടെയാണ് യാത്രക്കാരൻ കോ-പൈലറ്റിനെ മർദിച്ചത്.
അതേസമയം ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ശനിയാഴ്ച വരെ മൂടൽമഞ്ഞ് തുടരുമെന്നും ഐ.എം.ഡി. പറഞ്ഞു. മൂടൽമഞ്ഞ് കാരണം മതിയായ ദൃശ്യപരിധി ഇല്ലാത്തതിനാൽ ഡൽഹിയിൽ നിന്ന് പോകുന്നതും ഡൽഹിയിലേക്ക് വരുന്നതുമായ നിരവധി വിമാനങ്ങളാണ് ഇന്നും മണിക്കൂറുകളോളം വൈകിയത്.


