ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബി.എസ്‌പിക്ക് കാര്യമായ പ്രയോജനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനമെന്ന് മായാവതി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. താൻ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും മായാവതി വ്യക്തമാക്കി

സഖ്യങ്ങളുമായി ചേർന്ന് മത്സരിച്ചിട്ടുള്ളപ്പോഴെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ബി.എസ്‌പിക്ക് ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ഇതിനെ മുതലെടുക്കാൻ തക്കവണ്ണം രാജ്യത്തെ എല്ലാ പാർട്ടികളും ബി.എസ്‌പിയുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ലഖ്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് ശ്രമിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പുപറയാൻ കഴിയില്ല എന്നും മായാവതി വ്യക്തമാക്കി. ദളിത്, ആദിവാസി, മുസ്ലിം അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സഹായത്തോടെ 2007-ൽ ബി.എസ്‌പി. സംസ്ഥാനത്തെ അധികാരം പിടിച്ചിരുന്നുവെന്നും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും മായാവതി വ്യക്തമാക്കി.

വർഗ്ഗീയതയിലും ജാതീയതയിലും വിശ്വസിക്കുന്നവരുടെ അടുത്തുനിന്നും സുരക്ഷിതമായ അകലം പാലിക്കുമെന്നും ബി.എസ്‌പി. വിജയിക്കുന്നതിനായി പാർട്ടിയിൽ വിശ്വസിക്കുന്ന ജനങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മായാവതി പറഞ്ഞു. അതേസമയം, താൻ പാർട്ടിയിൽ നിന്നും വിരമിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് അനന്തരവൻ ആകാശ് ആനന്ദിനെ തന്റെ പിൻഗാമിയായി മായാവതി പ്രഖ്യാപിച്ചത്.

ഇതോടെ മായാവതി സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ ആകാശിനെ പിൻഗാമിയായി പ്രഖ്യാപിച്ചത് ശരിയാണെങ്കിലും അതിന് താൻ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു എന്ന് അർത്ഥമില്ലെന്ന് മായാവതി വ്യക്തമാക്കി. കൂടുതൽ ആർജവത്തോടെതന്നെ താൻ പാർട്ടിയിൽ തുടരുമെന്നും പാർട്ടിയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

1990-2000 കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായിരുന്നു മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്‌പി. എന്നാൽ പിന്നീട് ബി.എസ്‌പിക്ക് സംസ്ഥാനത്തുള്ള പിന്തുണ കുറഞ്ഞുവരികയായിരുന്നു. 2022-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 12.8 ശതമാനം വോട്ട് മാത്രമാണ് ബി.എസ്‌പിക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ബി.എസ്‌പി. ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമായിരുന്നു ഇത്.