റാഞ്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിക്ക് ക്ഷണം. ആർഎസ്എസ് നേതാവ് ധനഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയിലെ വീട്ടിലെത്തിയാണ് ധോണിയെ ചടങ്ങിനു ക്ഷണിച്ചത്. ഝാർഖണ്ഡിലെ ബിജെപി നേതാവ് കർമവീർ സിങ്ങും ധോണിയെ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കാൻ എത്തിയിരുന്നു.

ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, രോഹിത് ശർമ, ഹർഭജൻ സിങ് എന്നിവർക്കും ജനുവരി 22 ന് അയോധ്യയിലെത്താൻ ക്ഷണം ലഭിച്ചിട്ടുണ്ട്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഏഴായിരത്തോളം അതിഥികൾ പ്രതിഷ്ഠാ ചടങ്ങിനായി എത്തുമെന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. ദുബായിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ധോണി റാഞ്ചിയിലേക്കു മടങ്ങിയെത്തിയത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ് ധോണിയിപ്പോൾ. റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ താരം മുടങ്ങാതെ പരിശീലിക്കുന്നുണ്ട്. 2024ലെ ഐപിഎൽ സീസണിനു ശേഷം ടൂർണമെന്റിൽ കളിക്കുമോയെന്ന് ധോണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 22 ന് ക്ഷേത്രത്തിലെ ചടങ്ങുകൾ അവസാനിച്ച ശേഷം പൊതുജനങ്ങൾക്ക് ക്ഷേത്രത്തിലെത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

''ജനുവരി 22 ന് അയോധ്യയിലെത്തി ചടങ്ങുകളുടെ ഭാഗമാകാൻ എല്ലാവർക്കും താൽപര്യമുണ്ടാകും. എന്നാൽ എല്ലാവർക്കും അതിനു സാധിക്കില്ലെന്നു നിങ്ങൾക്ക് അറിയാം. അതിനാൽ പ്രതിഷ്ഠാ ചടങ്ങുകൾ കഴിഞ്ഞ ശേഷം സൗകര്യം പോലെ അയോധ്യയിലെത്താൻ ഞാൻ എല്ലാ ശ്രീരാമ ഭക്തരോടും അഭ്യർത്ഥിക്കുകയാണ്. '' പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഒരുക്കുന്നുണ്ട്. അതിഥികൾക്ക് 'രാം രാജ്' ഉൾപ്പെടുന്ന പ്രത്യേക സമ്മാനങ്ങളും ലഭിക്കുമെന്നാണ് സൂചന. ഉദ്ഘാടന ദിവസം അതിഥികൾക്ക് പ്രസാദമായി മൊത്തിച്ചൂർ ലഡുവും വിതരണം ചെയ്യും.

ധോണിക്കും സച്ചിനും പുറമെ, നീരജ് ചോപ്ര, പിവി സിന്ധു തുടങ്ങി നിരവധി അന്താരാഷ്ട്ര അത്ലറ്റുകൾക്ക് ക്ഷണം ലഭിക്കുമെന്നാണ് വിവരം. അതേസമയം ജാക്കി ഷ്റോഫ്, രജനികാന്ത്, രൺബീർ കപൂർ തുടങ്ങി ഒട്ടനവധി താരങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗികമായി ക്ഷണം ലഭിച്ചുകഴിഞ്ഞു.