ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റപ്പുലി കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന പേര് നൽകിയ ചീറ്റയാണ് ചത്തത്. ചൊവ്വാഴ്‌ച്ച പുലർച്ചയോടെ അവശ നിലയിൽ കണ്ടെത്തിയ ചീറ്റ വൈകാതെ ചാവുകയായിരുന്നു. ഇതോടെ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോയിൽ എത്തിച്ചതിൽ പത്താമത്തെ ചീറ്റയാണ് ചത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പാർക്ക് അധികൃതർ അറിയിച്ചു.

രാവിലെ 11 മണി മുതൽ ചീറ്റ പാർക്ക് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. അവശതയും നടക്കാനുള്ള ബുദ്ധിമുട്ടും കണ്ടെത്തിയതിനെ തുടർന്ന് സംഘം ചീറ്റയുടെ അടുത്തെത്തിയിരുന്നു. അൽപസമയത്തിനകം ക്ഷീണം ഭേദമായെങ്കിലും പെട്ടെന്ന് തീരെ മോശം അവസ്ഥയിലേക്ക് പോവുകയായിരുന്നു. സി.പി.ആർ. കൊടുത്തുവെങ്കിലും പ്രതികരിച്ചില്ല, ഫോറസ്റ്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ലയൺ പ്രോജക്ട് ഡയറക്ടറും മാധ്യമങ്ങളോട് പറഞ്ഞു.

പ്രായപൂർത്തിയായ ഏഴ് ചീറ്റപ്പുലികളും മൂന്ന് പുലിക്കുട്ടികളുമാണ് ഇതുവരെ ഇവിടെ ചത്തിട്ടുള്ളത്. വിവിധ തരത്തിലുള്ള അണുബാധ മൂലമാണ് ഇവയെല്ലാം മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിൽ ഇതിനുമുമ്പ് ഒരു ചീറ്റപ്പുലി മരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ച് കൊലയ്ക്കുകൊടുക്കുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരായി വിവിധ സംഘടനകൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

2022 ൽ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 8 ചീറ്റകൾ നമീബിയയിൽ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്. 10ൽ ഏഴെണ്ണം മുതിർന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്.

2024 ജനുവരി 16ന് ഉച്ചകഴിഞ്ഞ് 3.17 ഓടെയാണ് നമീബിയൻ ചീറ്റ ശൗര്യ ചത്തതെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തിയിരുന്നു. ചീറ്റ സിപിആറിനോട് പ്രതികരിച്ചില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.

1952ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചത്. അതിനാലാണ് 2022ൽ വിദേശത്ത് നിന്ന് 20 ഓളം ചീറ്റകളെ കുനോ പാർക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റകളെ രണ്ട് ബാച്ചുകളായാണ് ഇറക്കുമതി ചെയ്തത്. നമീബിയയിൽ നിന്ന് 2022ലും ദക്ഷിണാഫ്രിക്കയിൽ നിന്ന് 2023ലുമാണ് ചീറ്റകളെ കൊണ്ടുവന്നത്. ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മറ്റൊരു കൂട്ടം ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന് പ്രോജക്ട് ചീറ്റ ഹെഡ് എസ്‌പി യാദവ് നേരത്തെ അറിയിക്കുകയുണ്ടായി.