ഇംഫാൽ: ഒക്ടോബറിൽ അതിർത്തി ഗ്രാമമായ മൊറേയിൽ ഹെലിപാഡ് നിർമ്മാണ സ്ഥലം പരിശോധിക്കുന്നതിനിടെ വെടിയേറ്റ് പൊലീസ് ഓഫിസർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തിൽ പരിശോധന നടത്തുന്നതിനിടെ മൊറേ കോളജിന് സമീപം സംശയകരമായ സാഹചര്യത്തിൽ രണ്ടുപേരെ കണ്ടെത്തി. പൊലീസിനുനേരെ വെടിയുതിർത്ത ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടുകളിൽനിന്ന് ഇവരെ പിടികൂടിയത്. ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം ചുരാചന്ദ്പുർ, കാങ്‌പോക്പി ജില്ലകളിലെ 26 സി.ബി.എസ്.ഇ സ്‌കൂളുകളുടെ അംഗീകാരത്തിനായി അനധികൃത ഇടപെടൽ നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് 10 ഗോത്രവർഗ എംഎ‍ൽഎമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തയച്ചു. നടപടിക്രമം പാലിക്കാത്തതിനാൽ സ്‌കൂളുകളുടെ അംഗീകാരം സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു.