ലക്നൗ: തമിഴ്‌നാട്ടിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ആവശ്യത്തിന് പടക്കങ്ങൾ എത്തിക്കാൻ പോയ വാഹനത്തിനാണ് തീപിടിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂർവ കോട്വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ട്രക്ക് പൂർണമായും കത്തിനശിച്ചു. ട്രക്കിനു തീപിടിച്ചതിനു പിന്നാലെ വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാണ്ട് മൂന്നു മണിക്കൂറിനുശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.