പട്‌ന: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം പുറത്തുവരാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.ജെ.ഡിയും ജെ.ഡി.യുവും തമ്മിലുള്ള പ്രശ്‌നത്തിപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. സീറ്റ് വിഭജനം വൈകുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ അംഗങ്ങളെ സഭയിലേക്കയക്കുന്ന മൂന്നാമത്തെ സംസ്ഥാനമായ ബിഹാറിൽ നേരത്തെ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

2019ൽ ജയിച്ച എല്ലാ സീറ്റുകളും തങ്ങൾക്കെന്നും ബാക്കിയുള്ളവ ആർ.ജെ.ഡിക്കും കോൺഗ്രസിനും മൂന്ന് ഇടതുപാർട്ടികൾക്കും വിട്ടുകൊടുക്കണമെന്ന തരത്തിൽ ജെ.ഡി.യു 17 സീറ്റുകൾ ആവശ്യപ്പെടുമെന്നാണ് വിവരങ്ങൾ.

2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സീറ്റുകളുടെ ഫോർമുല 2024 ലെ തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ പാർട്ടി നേതാക്കൾ പറയുന്നു. അഞ്ച് വർഷം മുമ്പ് ജെ.ഡി.യു ബിജെപിയുമായി സഖ്യത്തിലായിരുന്നുവെന്നും സീറ്റ് കൈമാറ്റത്തിന്റെ പ്രശ്നങ്ങളുണ്ട് പക്ഷേ അത് പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അവർ പറയുന്നു.