- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല; മറ്റൊരു ദിവസം കുടുംബസമേതം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും; നിലപാട് അറിയിച്ചത് കെജ്രിവാൾ
ന്യൂഡൽഹി: അയോധ്യയിൽ 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മറ്റൊരു ദിവസം തന്റെ മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ അരവിന്ദ് കെജ്രിവാളിന് അയോധ്യയിലെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. എന്നാൽ ജനുവരി 22-ന് മറ്റുപരിപാടികൾ ഒഴിവാക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ക്ഷണം പിന്നാലെ വരുമെന്ന സൂചനയ്ക്കിടെയാണ് ചടങ്ങിൽ താനുണ്ടാകില്ലെന്ന് കെജ്രിവാൾ വ്യക്തമാക്കിയത്. ഇതാദ്യമായാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
'മുഴുവൻ കുടുംബത്തിനുമൊപ്പം അയോധ്യ സന്ദർശിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ അച്ഛനമ്മമാർക്ക് അവിടെ പോകണമെന്ന് വലിയ ആഗ്രഹമുണ്ട്. ക്ഷണം ഇല്ലെങ്കിലും ഞാനവിടെ പോകും. ജനുവരി 22-ന് ശേഷം എന്റെ ഭാര്യയ്ക്കും മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഞാൻ അയോധ്യയിൽ പോകുക.' -അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ ചൊവ്വാഴ്ച നടന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ചടങ്ങിൽ കെജ്രിവാളും ഭാര്യയും പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി ശ്രീരാമന്റേയും ഹനുമാന്റേയും അനുഗ്രഹം തേടിയെന്നാണ് ഇതിന് ശേഷം കെജ്രിവാൾ പ്രതികരിച്ചത്. നേരത്തേ കോൺഗ്രസും തൃണമൂലും സിപിഎമ്മും ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികൾ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തിരുന്നു.
മറുനാടന് ഡെസ്ക്