ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തിൽ മരണസംഖ്യ 15 ആയി. വഡോദരയിലെ ഹർണി തടാകത്തിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 13 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും മരിച്ചു. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കാണാതായാവർക്കുള്ള കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

മരണസഖ്യ ഉയരാൻ സാധ്യതയുണ്ട്. അപകടസമയത്ത് ബോട്ടിൽ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവർത്തനത്തിൽ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു. തടാകത്തിന്റെ അടിത്തട്ടിലെ ചെളി എൻഡിആർഎഫ് സംഘത്തിന് രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളി നേരിട്ടു. അപകടത്തിൽ കാണാതായവരിൽ പലരും ചെളിയിൽ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകൾ.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ''വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിതനാണ്. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുകയാണെന്നും'' പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.