ലക്നൗ: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച ടിടിഇയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. ബറൗണി- ലക്നൗ എക്സ്പ്രസിലാണ് ടിടിഇ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരനെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ടിടിഇയ്ക്കെതിരെ റെയിൽവേ നടപടിയെടുത്തത്.

യാത്രക്കാരനോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു മർദനം. യാത്രക്കാരനെ പല തവണ മുഖത്തടിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. കഴുത്തിൽ ചുറ്റിയ വസ്ത്രത്തിൽ പിടിച്ച് താഴേക്കു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു യാത്രക്കാരൻ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നതു തടയാനും ടിടിഇ ശ്രമിച്ചു. ടിടിഇ പ്രകോപനത്തോടെ പെരുമാറിയത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല.

സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ വിഷയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപെട്ടു. ടിടിഇയെ ഉടനടി സസ്പെൻഡ് ചെയ്തുവെന്നും ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.