മുംബൈ: വ്യാജ ഇൻഷുറൻസ് പോളിസിയുടെ പേരിൽ വൻ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ താനെ പൊലീസ് കയ്യോടെ പിടികൂടി. കോൾ സെന്റർ നടത്തിപ്പുകാരനും മൂന്ന് വനിതാ ജീവനക്കാരെുമാണ് അറസ്റ്റിലായത്. പോളിസി എടുത്ത് 24 മണിക്കൂറിനുള്ളിൽ മച്യൂരിറ്റി റിട്ടേൺ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ ഒരാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം അറസ്റ്റിലായത്.

കമ്പനിയുടെ പോളിസിയിൽ 30,000 രൂപ നിക്ഷേപിച്ചാൽ, 24 മണിക്കൂറിൽ 1.80 ലക്ഷം രൂപ റിട്ടേൺ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ുടർന്ന് ആധാർ, പാൻ കാർഡ് വിവരങ്ങൾ, റദ്ദാക്കിയ ചെക്കിന്റെ ഫോട്ടോ എന്നിവ വാട്‌സാപ്പിൽ നൽകാൻ ആവശ്യപ്പെട്ടു. രേഖകൾ അയച്ചു കൊടുക്കുകയും ആവശ്യപ്പെട്ട പണം ഓൺലൈൻ ആയി കൈമാറുകയും ചെയ്തു.

24 മണിക്കൂർ കാത്തിരുന്നിട്ടും ബാങ്ക് അക്കൗണ്ടിൽ വാഗ്ദാനം ചെയ്ത പണം ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി. പിന്നാലെയാണ് റെയ്ഡ് നടത്തിയത്.