- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്

ലഖ്നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ നിൽക്കെ പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. കൃഷ്ണശിലയിൽ നിർമ്മിച്ചിട്ടുള്ള വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്.
മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. നിലവിൽ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചത്.
വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ച് പഞ്ചാംഗവിധി പൂജകൾ നടത്തി. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ. ശ്രീരാമന്റെ 5 വയസ്സു പ്രായമുള്ള രൂപമാണ് ആവിഷ്‌കരിക്കുന്നത്.
പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുമെന്നാണ് വിവരം. പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ തുടങ്ങി 11,000-ൽ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്. 23നാണ് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക. 22ന് വൈകിട്ട് എല്ലാ വീടുകളിലും ദീപം തെളിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

