ന്യൂഡൽഹി: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. രാവിലെ പത്തോടെയാണ് മഹുവ വസതിയൊഴിഞ്ഞത്. വസതി ഒഴിഞ്ഞ വിവരം മഹുവയുടെ അഭിഭാഷകൻ സ്ഥിരീകരിച്ചു. ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു.

സ്വമേധയാ വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ഭവന നിർമ്മാണ- നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ബുധനാഴ്ച പുതിയ നോട്ടീസ് നൽകിയിരുന്നു. വസതി ഒഴിപ്പിക്കാനായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് പ്രത്യേക സംഘത്തെയും വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ വസതി 10 മണിയോടെ ഒഴിഞ്ഞതായും രേഖകളും മറ്റു കാര്യങ്ങളും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന് കൈമാറിയതായും ഒഴിപ്പിക്കൽ നടന്നിട്ടില്ലെന്നും മഹുവയുടെ അഡ്വക്കേറ്റ് പറഞ്ഞു.