ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തള്ളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും വ്യക്തമാക്കി. അഞ്ച് മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.

പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജികൾ കോടതി തള്ളുകയായിരുന്നു. കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസമാണു നിർദേശിച്ചിരുന്നു.

2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരും നൽകിയ ഹർജികളും ഇന്ന് പരിഗണിച്ചിരുന്നു.

ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാർച്ച് 22 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തര ലിസ്റ്റിംഗിനായി നിർദ്ദേശിക്കുകയും ഹർജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. നവംബർ 30നാണ് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8നാണ് സുപ്രീം കോടതി റദ്ദാക്കിയത്. മുഴുവൻ പ്രതികളും ജയിലിൽ തിരികെ എത്തണമെന്നും നിർദേശിച്ചു. ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികൾ.