- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പിയിൽ രാഷ്ട്രീയ ലോക്ദളുമായി സമാജ് വാദി പാർട്ടി സഖ്യത്തിൽ
ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളും സഖ്യത്തിൽ. സഖ്യത്തിന്റെ ഭാഗമായി പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ഏഴ് സീറ്റുകൾ രാഷ്ട്രീയ ലോക്ദളിന് (ആർ.എൽ.ഡി) അഖിലേഷ് യാദവ് നൽകും. അഖിലേഷ് യാദവും ജയന്ത് ചൗധരിയും സംയുക്തമായാണ് തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചത്. ദേശീയതയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാൻ തയാറാണെന്ന് ജയന്ത് ചൗധരി വ്യക്തമാക്കി.
80 ലോക്സഭ സീറ്റുകളുള്ള ഉത്തർ പ്രദേശിൽ 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയമാണ് നേടിയത്. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പിയും ആർ.എൽ.ഡിയും സഖ്യ കക്ഷികളായി മത്സരിച്ചപ്പോൾ എസ്പി 111 സീറ്റും ആർ.എൽ.ഡി എട്ട് സീറ്റും നേടി.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്പി-ബി.എസ്പി സഖ്യത്തിന്റെ ഭാഗമായിരുന്നു ആർ.എൽ.ഡി. മഥുര, ബാഗ്പഥ്, മുസാഫർ നഗർ എന്നീ സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. എന്നാൽ, എസ്പി അഞ്ച് സീറ്റിലും ബി.എസ്പി 10 സീറ്റിലും വിജയിച്ചു.
ജാട്ട് സമുദായത്തിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദൾ. യു.പിയിലെ മുസാഫർ നഗർ, കൈരാന, ബിജ്നോർ, മഥുര, ബാഗ്പഥ്, അംറോഹ, മീറത്ത് അടക്കമുള്ളവ ജാട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. അതിനാൽ, ജാട്ട് വോട്ട് കൂടി നേടി കൂടുതൽ സീറ്റിൽ വിജയിക്കാനുള്ള നീക്കത്തിലാണ് അഖിലേഷ് യാദവ്. യു.പി. ഡൽഹി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്.