റാഞ്ചി: ഖനന അഴിമതി കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യംചെയ്യാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇ.ഡി. സംഘത്തിന്റെ വരവിന് മുന്നോടിയായി വൻ സുരക്ഷയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപം ഏർപ്പെടുത്തിയത്. പൊലീസ് എസ്‌കോർട്ടോടെയാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയത്. ജാർഖണ്ഡ് മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതി, രാജഭവൻ, ഇ ഡി ഓഫീസ് എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുമെന്ന് ജെ എം എം മുന്നറിയിപ്പ് നൽകിയിരുന്നു. 14 ഗോത്ര സംഘടനകൾ രാജഭവന് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷണം തേടി ഇഡി, ഡിജിപിക്ക് കത്തയച്ചിരുന്നു. ഖനന അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കേ കനത്ത സുരക്ഷ തന്നെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.

ആയിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് റാഞ്ചിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ചന്ദൻകുമാർ സിൻഹ അറിയിച്ചു. സോറന് പിന്തുണ അറിയിച്ച് നിരവധി പാർട്ടി പ്രവർത്തകരും ഗോത്രവർഗ നേതാക്കളും സ്ഥലത്ത് തമ്പടിച്ചിരുന്നു. വിവിധ ഗോത്രവർഗ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാരും ഇ.ഡിയും ഗൂഢാലോചന നടത്തുകയാണൊണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

ജനുവരി 16-നും 20-നും ഇടയിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സോറന് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. എന്നാൽ 20-ന് തന്റെ വസതിയിലെത്തി മോഴി രേഖപ്പെടുത്താൻ അദ്ദേഹം അന്വേഷണ ഏജൻസിയോട് ആവശ്യപ്പെടുകയായിരുന്നു. മുമ്പ് ഏഴു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഝാർഖണ്ഡ് മുക്തി മോർച്ച എക്സിക്യൂട്ടീവ് പ്രസിഡന്റുകൂടിയായ ഹേമന്ത് സോറൻ ഇ.ഡിക്കു മുമ്പിൽ ഹാജരായിരുന്നില്ല. ഝാർഖണ്ഡിലെ ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഓഫീസറടക്കം 14 പേർ അറസ്റ്റിലായിരുന്നു. കഴിഞ്ഞവർഷം നവംബറിൽ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ.ഡി. സോറനെ ചോദ്യംചെയ്തിരുന്നു.