- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; കേസിലെ പ്രധാന പ്രതി ആന്ധ്ര സ്വദേശിൽ നിന്നും അറസ്റ്റിൽ

ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ഡൽഹി പൊലീസാണ് ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിൽനിന്നാണ് പ്രതി പിടിയിലായതെന്ന് ഡൽഹി പൊലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐ.എഫ്.എസ്.ഒ.) വിഭാഗം ഡി.സി.പി. ഹേമന്ദ് തിവാരി അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ. അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മോർഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
സാറാ പട്ടേൽ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന സ്ത്രീയുടെ വീഡിയോയിൽ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്.
രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയായത്. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.
രശ്മികയ്ക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയിൽ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ അന്ന് രംഗത്തെത്തിയിരുന്നു. ഡീപ്പ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ അന്ന് സോഷ്യൽ മീഡിയാ കമ്പനികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി. നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. വീഡിയോ പങ്കുവെച്ചവർ ഉൾപ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു.


