- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം മൂന്ന് വർഷത്തിനുള്ളിൽ നക്സൽ മുക്തമാകുമെന്ന് അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നക്സൽ - മാവോയിസ്റ്റ് ഭീഷണിയിൽ നിന്നും പരിപൂർണമുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച അസമിലെ തേസ്പുരിൽ നടന്ന സശസ്ത്ര സീമാ ബലിന്റെ (എസ്.എസ്.ബി.) അറുപതാമത് സ്ഥാപനദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്സൽ പ്രസ്ഥാനത്തിനെതിരേ എസ്.എസ്.ബി. നടത്തുന്ന പോരാട്ടത്തെ അമിത് ഷാ പ്രശംസിച്ചു. സിആർപിഎഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സൈനികവിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനം നക്സൽ പ്രസ്ഥാനത്തെ നാമാവശേഷമാകുന്ന നിലയിലെത്തിച്ചതായും അമിത് ഷാ പറഞ്ഞു.
നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന അതിർത്തിസംരക്ഷണം കൂടാതെ ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നക്സലുകൾക്കെതിരേയും എസ്.എസ്.ബി. പോരാടുന്നുണ്ട്. ഈ ഭാഗങ്ങളിലെ നക്‌സൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളിൽ നിങ്ങളുടെ ധീരതയെക്കുറിച്ച് കേൾക്കാറുണ്ട്, ഷാ പറഞ്ഞു. കശ്മീരിലുൾപ്പെടെ ഭീകരവാദത്തിനെതിരെ എസ്.എസ്.ബി. നടത്തുന്ന സൈനികപ്രവർത്തനങ്ങളേയും അമിത് ഷാ അഭിനന്ദിച്ചു.
എസ്.എസ്.ബിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു. കഴിഞ്ഞ ഒമ്പതുകൊല്ലത്തിനിടെ ഇന്ത്യയിലെ അതിർത്തിസേനകൾക്കായി പ്രധാനമന്ത്രി നിരവധി ക്ഷേമനടപടികൾ സ്വീകരിച്ചതായും അമിത് ഷാ പറഞ്ഞു. രാജ്യസുരക്ഷക്കായി എസ്.എസ്.ബി. നൽകിയ സേവനങ്ങൾ സേനയ്ക്ക് നൽകിയത് ശ്രേഷ്ഠമായ ചരിത്രമാണെന്നും ഷാ കൂട്ടിച്ചേർത്തു.