മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിന ചടങ്ങിൽ പങ്കെടുക്കാൻ ശിവസേന ഉദ്ദവ് വിഭാഗം തലവനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് സ്പീഡ് പോസ്റ്റ് വഴി ക്ഷണമെത്തിയത് വിവാദത്തിൽ. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം ശനിയാഴ്ചയാണ് ലഭിച്ചത്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കേണ്ടെന്നാണ് നിലവിൽ ഉദ്ധവ് താക്കറെയുടെ തീരുമാനം.

ഉദ്ധവ് താക്കറെ ജനുവരി 22ന് നാസിക്കിൽ തന്നെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അയോധ്യയിൽ പ്രതിഷ്ഠ ദിനം നടക്കുമ്പോൾ ഉദ്ധവ് നാസിക്കിലെ ഭാഗൂരിൽ സവർക്കറുടെ ജന്മസ്ഥലം സന്ദർശിക്കും. ശ്രീ കലാറാം ക്ഷേത്രത്തിലും ഗോഡ്ഡ ഘട്ടിലും ആരതി പൂജ നടത്തും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ ബാലാസാഹെബ് താക്കറെയുടെ പങ്ക് അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

രാമക്ഷേത്രത്തിലേക്ക് പോകാൻ തനിക്ക് ആരുടെയും ക്ഷണം വേണ്ടെന്ന് ഉദ്ധവ് നേരത്തെ പറഞ്ഞിരുന്നു. 'രാമക്ഷേത്രം എന്റേത് കൂടിയാണ്. എനിക്ക് ഇഷ്ടമുള്ളപ്പോൾ അവിടെ പോകും. ഇപ്പോൾ വേണമെങ്കിലും രാമക്ഷേത്രത്തിൽ പോകും. നാളെയാണെങ്കിൽ നാളെ പോകും. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ അയോധ്യ സന്ദർശിച്ചിട്ടുണ്ട്. എനിക്ക് ഒരു അഭ്യർത്ഥന മാത്രമാണ് ഉള്ളത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങ് രാഷ്ട്രീവവൽക്കരിക്കരുത്' -ഉദ്ധവ് പറഞ്ഞിരുന്നു.

തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക. പ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ കേന്ദ്രസർക്കാർ ഓഫിസുകൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. ബിജെപി ഭരിക്കുന്നതടക്കം പതിനഞ്ച് സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.