ബെംഗളൂരു: കർണാടകത്തിൽ ദളിത് യുവാക്കൾ ജാതിവിവേചനം നേരിട്ട സംഭവത്തിൽ ഹോട്ടലുടമയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ബല്ലാരി ജില്ലയിലെ കുരുഗോഡു താലൂക്കിലുള്ള ഗുത്തിഗനൂർ ഗ്രാമത്തിൽ ദളിത് യുവാക്കൾക്ക് ഭക്ഷണം നിഷേധിച്ച സംഭവത്തിലാണ് ഹോട്ടലുടമയുൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ നടത്തുന്ന നാഗവേണിയും ബന്ധു വീരഭദ്രപ്പയുമാണ് അറസ്റ്റിലായത്.

ദളിതർക്ക് ഭക്ഷണംവിളമ്പില്ലെന്ന് പറഞ്ഞത് ചോദ്യംചെയ്തപ്പോൾ ശാരീരികമായി കൈയേറ്റം ചെയ്തതായി കാണിച്ച് മഹേഷ്(27) നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് കുരുഗോഡു എസ്‌ഐ. എം. സുപ്രീത് പറഞ്ഞു. യുവാക്കളും ഹോട്ടലുടമയും തമ്മിൽ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് കേസെടുത്തത്.

മഹേഷിന്റെ മൊഴിരേഖപ്പെടുത്തിയശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ്. കുരുഗോഡു കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുമ്പ് ചിക്കമഗളൂരുവിലെ തരിഗരെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ ജോലിക്കെത്തിയ ദളിത് യുവാവ് ജാതിവിവേചനത്തിൽ ആക്രമണത്തിനിരയായ സംഭവമുണ്ടായി.

യുവാവിന്റെ പ്രവേശനംകാരണം ഗ്രാമം അശുദ്ധമായെന്നുപറഞ്ഞ് ശുദ്ധിക്രിയ നടത്താനായി ക്ഷേത്രം അടച്ചിട്ടിരുന്നു. ഇതിനെതിരെ ദളിത് സംഘടനകൾ പ്രതിഷേധമുയർത്തി. തുടർന്ന് റവന്യു ഉദ്യോഗസ്ഥരും പൊലീസുമെത്തി ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നു.