ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ട ചടങ്ങുമായി ബന്ധപ്പെട്ട് തനിക്കെതിരായ ബിജെപി എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിനെ പരിഹസിച്ച് മറുപടിയുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. 'ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവർ രാമക്ഷേത്രത്തെ എതിർക്കുന്നു. സനാതന ധർമ്മത്തെ അപമാനിക്കുന്നു', എന്ന ഹിന്ദിയിലുള്ള ബിജെപി പോസ്റ്റിന് മറുപടിയുമായാണ് ഉദയനിധി രംഗത്ത് വന്നത്. 'ഹിന്ദി തെരിയാത്, പോടാ' എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചു കൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി.

അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഡിഎംകെ എതിർക്കുന്നില്ല. എന്നാൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇത് പരാമർശിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ എക്‌സ് പോസ്റ്റ്.

അതേസമയം, പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓർത്തു വയ്ക്കും. ഇത് വൈകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു. കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റേത് കൂടിയാണ് ഈ അവസരം. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.