അയോധ്യ: ഇനിമുതൽ അയോധ്യയിൽ വെടിയൊച്ചകളോ കർഫ്യൂവോ ഉണ്ടാവില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1990-ൽ കർസേവകർക്കുനേരെ ഉണ്ടായ വെടിവെപ്പ് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാമക്ഷേത്രത്തിലെ പ്രണപ്രതിഷ്ഠാ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായാണ് ഒരു ഭൂരിപക്ഷ സമുദായത്തിന് തങ്ങളുടെ ദൈവത്തിന് അർഹമായ സ്ഥാനം ലഭിക്കാൻ ഇത്രയും നാൾ ബുദ്ധിമുട്ടേണ്ടിവന്നതെന്നും നിരവധി പേർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നെന്നും യോഗി പറഞ്ഞു. സമാജ്വാദി പാർട്ടി നേതാവായ മുലായം സിങ് യാദവ് ആയിരുന്നു അന്ന് യു.പി മുഖ്യമന്ത്രി.

രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത് രാമരാജ്യത്തിന്റെ പ്രഖ്യാപനമാണെന്നും അയോധ്യയുടെ ഇടവഴികളിൽ ഇനി രാമകീർത്തനങ്ങൾ പ്രതിധ്വനിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാത്ത ചില വികാരങ്ങൾ എന്റെ ഹൃദയത്തിലുണ്ട്. എല്ലാവരും വികാരഭരിതരും സന്തോഷവാന്മാരുമാണ്. ചരിത്രപരമായ ഈ നിമിഷത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും അയോധ്യയായി മാറി. എല്ലാ പാതകളും അയോധ്യയിലേക്കാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.