അയോധ്യ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ദീപപ്രഭയിൽ ഭക്തിയിൽ അലിഞ്ഞ് അയോധ്യ നഗരം. സരയു തീരത്ത് ആയിരത്തോളം ചിരാതുകളാണ് വിശ്വാസികൾ തെളിയിച്ചത്. സരയു തീരത്തെ കൽപ്പടവുകളിൽ തെളിഞ്ഞ വിളക്കുകൾ ഭക്തിനിർഭരമായ കാഴ്‌ച്ചയായി.

ശ്രീരാമൻ സീതയ്ക്കും ലക്ഷ്മണനുമൊപ്പം തിരിച്ചെത്തിയപ്പോൾ അയോധ്യയിലെ ജനങ്ങൾ ചിരാതുകൾ തെളിയിച്ച് സ്വീകരിച്ചുവെന്നാണ് വിശ്വാസം. നേരത്തെ, പ്രതിഷ്ഠാ ചടങ്ങിനോടബന്ധിച്ച് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

പ്രജകളെ കാണാനായി ബാലരാമൻ തന്റെ ജന്മഭൂമിയിലേക്ക് തിരികെ വന്ന സുദിനത്തിൽ ആഘോഷത്തിലാണ് നാടും നഗരവും. സരയൂ നദീതീരത്ത് ആയിരക്കണത്തിന് ദീപങ്ങളാണ് തെളിഞ്ഞത്. നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള രാമഭക്തർ അയോദ്ധ്യയിലെത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ വീടുകളിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ചു. മൺചിരാതുകൾ തെളിയിച്ച് അസുലഭ മുഹൂർത്തത്തെ ജനങ്ങൾ സ്വാഗതം ചെയ്തു.