- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിൽ ആദ്യ ദിനം ദർശനം നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാച്ചടങ്ങുകൾ തിങ്കളാഴ്ച പൂർത്തിയായതോടെ ദർശനത്തിനായി ഭക്തജനപ്രവാഹം. ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ മൂന്ന് ലക്ഷത്തോളം പേരാണ് ആദ്യ ദിനം ദർശനത്തിന് എത്തിയത്. ക്ഷേത്രപരിസരത്ത് ലക്ഷക്കണക്കിനാളുകൾ ക്ഷേത്രദർശനത്തിനായി കാത്തുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
വൻതിരക്കനുഭവപ്പെടുന്നതിനാൽ എത്തിച്ചേർന്ന മുഴുവൻപേർക്കും ചൊവ്വാഴ്ച ക്ഷേത്രപ്രവേശനം അനുവദിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുള്ളതായി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പ്രതികരിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഇതേതിരക്ക് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടര മുതൽ മൂന്ന് ലക്ഷം വരെ പേർ ഇതിനോടകം ദർശനം നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏകദേശം ഇത്രയും ജനങ്ങൾ ഇനിയും കാത്തുനിൽക്കുന്നുണ്ട്. തുടർച്ചയായി ദർശനമനുവദിക്കാനുള്ള സജ്ജീകരണങ്ങൾ പ്രദേശിക ഭരണകൂടം ഒരുക്കിയിട്ടുണ്ട്. എണ്ണായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരേയാണ് തിരക്ക് നിയന്ത്രിക്കാനായി നിയോഗിച്ചിട്ടുള്ളത്. നേരത്തെ സുരക്ഷാവലയം ഭേദിച്ച് ജനങ്ങൾ ക്ഷേത്രത്തിലേക്ക് ഓടുന്ന അവസരവും ഉണ്ടായി.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്. ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി (ഹോം) സഞ്ജയ് പ്രസാദും സ്പെഷ്യൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓഡർ) പ്രശാന്ത് കുമാറും സംഗതികൾ നിരീക്ഷിക്കുന്നതിനായി ക്ഷേത്രത്തിനുള്ളിൽ തന്നെ തുടരുകയാണ്.
എല്ലാ ഭക്തർക്കും ദർശനം ലഭ്യമാക്കുമെന്ന് ആചാര്യ സത്യേന്ദ്ര ദാസ്. തിരക്ക് കണക്കിലെടുത്ത് എല്ലാ ജനങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എങ്ങും രാമനാമഘോഷമുയരുന്നതായും അയോധ്യാനഗരി പവിത്രമായതായും ത്രേതായുഗത്തിന്റെ മിന്നലൊളിയാണ് അയോധ്യയിൽ കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 4,000ത്തോളം പുരോഹിതന്മാരും പണ്ഡിതരും ക്ഷേത്രദർശനത്തിനെത്തിച്ചേർന്നതായും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തിച്ചേർന്ന ജനസഞ്ചയത്തെ ഹെലികോപ്ടറിൽ സഞ്ചരിച്ച് നിരീക്ഷണം നടത്തി. അയോധ്യയിലെത്തിച്ചേരുന്നവർക്ക് ക്ഷേത്രസന്ദർശനം നടത്താനുള്ള സൗകര്യമൊരുക്കുന്നതിനെ കുറിച്ച് പ്രാദേശികഭരണകൂടവുമായി യോഗി നിരന്തരം ചർച്ചകൾ നടത്തുന്നതായാണ് വിവരം.
പ്രതിഷ്ഠാ ദിനത്തിൽ പൊതുജനത്തിന് പ്രവേശനമുണ്ടായിരുന്നില്ല. ഇന്ന് മുതലാണ് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതിയുള്ളത്. ക്ഷേത്രം തുറന്ന് ആദ്യ ദിനം തന്നെ ഭക്തരുടെ വൻ ഒഴുക്കാണ് അനുഭവപ്പെട്ടതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഭക്തരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ ദിനം രാംലല്ല ദർശനം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരാണ് ക്ഷേത്രനഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. അതേസമയം തിരക്കുണ്ടെങ്കിലും നിർദിഷ്ട സമയത്തിനപ്പുറം ദർശനം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. ഭക്തരുടെ ഒഴുക്ക് കണക്കിലെടുത്ത് അയോധ്യ ക്ഷേത്രത്തിൽ സുരക്ഷക്കായി ഇന്ന് നിയോഗിച്ചത് ഉത്തർപ്രദേശ് പൊലീസിന്റെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരെയാണ്.
വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ പൊലീസ് സന്നാഹത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു.ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ദർഭ പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളിൽ പങ്കെടുത്തത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തിയിരുന്നു.